Pages

03 November 2011

ചെറുത്

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അരയാല്‍ മരത്തിനു മഷി തണ്ടിനെ കണ്ടപ്പോള്‍ പാവം തോന്നി .ആല്‍മരം ചോദിച്ചു : " നിന്നെയൊക്കെ ദൈവം സൃഷ്ട്ടിച്ചത് എന്തിനാണ് ? ഈ ഭൂമിയില്‍ എന്തു പ്രസക്തിയാണ് നിനക്കുള്ളത്? എന്നെ നോക്ക് .എത്ര മഹാന്മാരാണ് എന്നെ അന്വേഷിച്ചു വരുന്നത്. എത്ര സന്യാസികളാണ് എന്‍റെ തണലില്‍ ധ്യാനിച്ചിരുന്നിട്ടുള്ളത്‌. നിന്നെ തേടി ആരു വരും ? "

മഷിതണ്ടിനു ആല്‍മരത്തോടും പാവം തോന്നി . ചിലതോര്‍ത്തപ്പോള്‍  ചിരിയും വന്നു 
. മഷി തണ്ട് പറഞ്ഞു : 
" എന്നെ അന്വേഷിച്ചു കുട്ടികള്‍ വരുമല്ലോ . 
കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തിലല്ലേ നിന്‍റെ ഇലകള്‍ ? അഥവാ കിട്ടിയാല്‍ത്തന്നെ അവര്‍ക്കെന്തു പ്രയോജനം ? നീരില്ലാത്ത ഇലകളാണ് നിന്‍റെത്. ആര്‍ദ്രതയുമില്ല. ലോഹപ്പാളി  പോലിരിക്കും .അതുകൊണ്ട് സ്ലേറ്റ് മായ്ക്കാന്‍  പറ്റില്ലല്ലോ.  സ്ലേറ്റ് മായ്ക്കാനാണ് കുട്ടികള്‍ എന്നെ അന്വേഷിച്ചു വരുന്നത് . മായ്ച്ച സ്ലേറ്റില്‍ നിന്നാണ് ആല്‍മരം പോലും പിറക്കുക."